Sunday 20 March 2011

റാഗ്ഗിങ്ങും കൗണ്ടർ റാഗ്ഗിങ്ങും.

വിദൂരങ്ങളിലെ ഓര്‍മ്മകള്‍ എന്നും മനസ്സില്‍ തെളിമയോടെ നില്‍ക്കും.പ്രത്യേകിച്ച് വിദ്യാഭ്യാസ കാലത്തെ അനുഭവങ്ങള്‍.. അങ്ങിനെയുള്ള ഒരു അനുഭവമാണ് ഇന്നലത്തേത് പോലെ ഓര്‍ക്കുന്നത്. എഴുപതുകളുടെ ആരംഭകാലം. ആലപ്പുഴയിലെ സ്കൂള്‍ വിദ്യാഭ്യാസം  പത്താം ക്ലാസ് കൊണ്ട് അവസാനിച്ചു. ഇനി പ്രീ ഡിഗ്രി. അതിന്, നാല് കിലോമീറ്റർ അകലെയുള്ള എസ് .ഡി . കോളേജില്‍ ചേരണം. നാടിന്റെ നട്ടെല്ല് പോലെ തെക്ക്-വടക്കായി  കിടക്കുന്ന എന്‍ . എച് .47 റോഡിന്റെ സൈഡില്‍  ആലപ്പുഴയുടെ തെക്ക് മാറിയാണ് കോളേജ്. അവിടെ നിന്നും വീണ്ടും ആറ് കി. മി. തെക്ക് മാറി വണ്ടാനം മെഡിക്കല്‍  കോളേജ്. ഇന്നത്തെപ്പോലെ പ്ലസ് ടു എന്ന് പറഞ്ഞു സ്കൂളില്‍ തന്നെ ചടഞ്ഞു  കൂടേണ്ട കാര്യം അന്നില്ലായിരുന്നു. പത്താം ക്ലാസ് ജയം തന്നെ വലിയ കാര്യമായിരുന്ന കാലം. തന്നെയല്ല, സ്കൂളിൽ നിക്കറും ഷര്‍ട്ടും ആയിരുന്നു വേഷം. അന്ന് നികറിട്ട്  പോകാൻ നാണിക്കേണ്ടാത്ത കാലമാണ്. പക്ഷെ കോളേജില്‍ അന്ന്  വേഷം മുണ്ടും ഷര്‍ട്ടും ആയിരുന്നു. പാന്റ്സ് അത്ര ആയിട്ടില്ല. അങ്ങനെ ഞാനും മുണ്ടും ഷര്‍ട്ടും അണിഞ്ഞു കോളേജ് കുമാരനായി. സ്കൂളിലെ പോലെ ചൂരലും കൊണ്ട് നടക്കുന്ന മാഷന്മാരെ പേടിക്കേണ്ട. ക്ലാസില്‍ കയറിയാലും കൊള്ളാം കയറിയില്ലേലും കൊള്ളാം, ഒരു കുഴപ്പവും ഇല്ല. സര്‍വ്വതന്ത്ര സ്വാതന്ത്ര്യം. ഈ കോളേജും പ്രസിദ്ധമാണ്. കലാകേരളത്തിന് ശ്രീകുമാരൻതമ്പിയെയും പദ്മരാജനെയും ഫാസിലിനെയും നെടുമുടി വേണുവിനെയും കാവാലത്തിനെയും ഒക്കെ സംഭാവന ചെയ്ത കോളേജ് . അന്ന് ആലപ്പി അഷറഫ് മിമിക്രിയുടെ ബാലപാഠം ഞങ്ങളുടെ പുറത്താണ്  പയറ്റിയത്. പഠനം നന്നായി പോകുന്ന കാലം. അന്ന് ഇന്നത്തെ പോലെ സാങ്കേതിക , മെഡിക്കല്‍ പഠനത്തിനു പ്രവേശന പരീക്ഷയും പിന്നെയുള്ള മാമാങ്കവും ഒന്നുമില്ല. നല്ല മാര്‍ക്കോടെ പ്രീ ഡിഗ്രീ പാസ്സായാല്‍ പ്രവേശനം കിട്ടുമായിരുന്നു. അങ്ങനെ ഞങ്ങളുടെ കോളേജില്‍ നിന്നും പാസ്സായി പോയ പലരും വണ്ടാനം മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നും ഉണ്ടായിരുന്നു. അങ്ങെനെയിരിക്കെ ആ വർഷം ഞങ്ങളുടെ കോളേജില്‍ നിന്നും മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന ഏതാനും വിദ്യാര്‍ഥികള്‍  വളരെ ക്രൂരമായി റാഗ് ചെയ്യപ്പെട്ടു  എന്ന് റിപ്പോര്‍ട്ട് വന്നു.അന്നത്തെ കാലത്ത് ഈ തരത്തിലുള്ള കാടത്തം  കൊണ്ട് ധാരാളം കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു. ഒരു പ്രതികരണം അനിവാര്യമായിരുന്നു. അന്ന് മെഡിക്കല്‍ കോളേജ് വണ്ടാനത്തും , അവരുടെ ആശുപത്രി ആലപ്പുഴയിലും ആയിരുന്നു.  അത്  കൊണ്ട് അവരുടെ ബസ്സുകള്‍ ഞങ്ങളുടെ കോളേജിന്റെ മുന്‍പില്‍ കൂടിയാണ് ഓടിയിരുന്നത്. നല്ല ഉച്ച സമയത്താണ്  അവരുടെ ബസ്സിന്റെ വരവ്. അന്ന് ഒന്നിന് പിറകെ ഒന്നായി വന്ന  രണ്ടു  ബസ്സുകള്‍ തടഞ്ഞു നിര്‍ത്തി. പെണ്‍കുട്ടികളെ ബസ്സില്‍ ഇരിക്കാന്‍ അനുവദിച്ചു. രണ്ടു ബസ്സില്‍ നിന്നുമായി ഏകദേശം അന്‍പതോളം ആണ്‍കുട്ടികളെ വഴിയില്‍ ഇറക്കി സൈഡില്‍ വെയിലത്ത്‌ വരിയായി നിര്‍ത്തി,അടിവസ്ത്രം മാത്രമായി. ഏതാണ്ട്  ഒരു മണിക്കൂര്‍ അങ്ങനെ കടന്നു പോയി. അപ്പോള്‍ അതാ വരുന്നു ഇടി വണ്ടി എന്നറിയപ്പെടുന്ന പോലീസ്സ് വണ്ടി. ഞങ്ങളെല്ലാം ഓടി കാമ്പസ്സില്‍ കയറി. കാരണം, റോഡില്‍ കിട്ടിയാല്‍ നല്ല ചുട്ട അടി ഉറപ്പായിരുന്നു.അങ്ങെനെ ഞങ്ങള്‍ കൌന്ടെര്‍ റാഗിങ്ങ് നടത്തി.വിജയകരമായി.അടുത്ത ദിവസ്സം രാവിലെ കഥ മാറി.ഞങ്ങളുടെ കോളെജിലേക്ക് വരാന്‍ ബസ് കാത്തു നിന്ന രണ്ടു  കുട്ടികളെ മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ അവരുടെ കാമ്പസ്സിലേക്ക് ബലമായി പിടിച്ചു കൊണ്ട് പോയി എന്ന് വാര്‍ത്ത പരന്നു.ഉടനെ തന്നെ അവരെ മോചിപ്പിക്കാന്‍ മെഡിക്കല്‍ കോളെജിലേക്ക് പോകാന്‍ ഏതാണ്ട് നൂറോളം കുട്ടികള്‍ തയ്യാറായി.  അങ്ങെനെ മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകുന്ന ലോറികളില്‍  പോലും പിടിച്ചു കയറി വിദ്യാര്‍ഥികള്‍ പുറപ്പെട്ടു.ഞാന്‍ വലിഞ്ഞു നിന്നു.എങ്കിലും പോകുന്നവര്‍ക്ക് അവിടെ ചെന്നാല്‍ എറിയാനുള്ള കല്ലും മറ്റും വണ്ടികളില്‍ ഇട്ടു കൊടുക്കാന്‍ ഞാനും കൂടി.കുട്ടികള്‍ പോയി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കാമ്പസ്സില്‍ കയറി.ഇനി പോയവര്‍ വരുന്നത് വരെ കാത്തിരിക്കുക തന്നെ.വിവരങ്ങള്‍ അറിയാന്‍ ആരെങ്കിലും തിരിച്ചു വരണം.ഇന്നത്തെ പോലെ മൊബൈല്‍ ഫോണിന്റെ  കാലമല്ലല്ലോ.ലാന്‍ഡ്‌ ഫോണ്‍ പോലും വിരളം.പക്ഷെ  ഒരു അര മണിക്കൂറിനുള്ളില്‍ മൂന്നു നാലു ഇടിവണ്ടികള്‍ മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പാഞ്ഞു പോകുന്നത് കണ്ടു.അപ്പോള്‍ എനിക്ക്  തോന്നി , പോകാതിരുന്നത് നന്നായി എന്ന്.അന്നാണെങ്കില്‍ നിക്കറിട്ട  പോലീസുകാരാണ്,എത്ര ദൂരവും ഓടിച്ചിട്ട്‌ തല്ലും. എന്തായാലും പോയ കുട്ടികള്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കുന്നതിന് മുന്‍പ്  തന്നെ അവിടെ പോലീസ് പാഞ്ഞെത്തി.ആരും അടി കൊള്ളാന്‍ നിന്നില്ല.മെയിന്‍ റോഡ്‌ വിട്ടു ,  കിട്ടിയ വഴികളിലൂടെ യും പറമ്പു കളിലൂടെയും പാഞ്ഞു.ഉച്ച കഴിഞ്ഞപ്പോളാണ് ഓരോരുത്തരായി  തിരിച്ചു വന്നത്.അതൊരു കാഴ്ച തന്നെയായിരുന്നു. എല്ലാവരുടെയും പാദ രക്ഷകള്‍ നഷ്ടപ്പെട്ടു.പലരുടെയും ഉടുമുണ്ടും  പോയി.ചിലരുടെ ഷര്‍ട്ട് കീറി.എന്നാലും ഒരു തിന്മയ്ക്കെതിരെ ഉള്ള  പോരാട്ടത്തില്‍ ആണല്ലോ ഇത് സംഭവിച്ചത്.പക്ഷെ അതിനു ശേഷം റാഗിങ്ങ് കുറഞ്ഞു എന്നുള്ള ശുഭ വാര്‍ത്തയും കിട്ടിത്തുടങ്ങി. ഇന്നത്തെ കുട്ടികള്‍ക്ക് അത്ര പ്രശ്നമില്ലല്ലോ.ഇപ്പോള്‍ റാഗിങ്ങ് ക്രിമിനല്‍ കുറ്റമല്ലേ? 
 

Sunday 6 March 2011

യു.ഡി.എഫും തെരഞ്ഞെടുപ്പുകാലവും.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം വി.എസ്.അച്ചുതാനന്ദന് ,സ്വന്തം പാര്ട്ടിയെക്കാലും കൂടുതല്‍ പിന്തുണ കിട്ടിയത് ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തു നിന്നാണെന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.മുഖ്യമന്ത്രിയുടെ ഓരോ തീരുമാനത്തിനും, സ്വന്തം ആളുകള്‍ എന്തെങ്കിലും  പ്രതികരണം നടത്തുന്നതിന്  മുന്‍പ്  ചാടിക്കേറി  ഞാനാദ്യം എന്ന മട്ടിലാണ് ഏറ്റവും അനുകൂലമായ പ്രതികരണം നടത്തിക്കൊണ്ടിരുന്നത്.ഏതാണ്ട് ഒരു മാസം മുന്‍പ് വരെ ഇതായിരുന്നു സ്ഥിതി.കുഞ്ഞാലിക്കുട്ടിയുടെ തോക്ക് തിരിച്ചുപിടിച്ചുള്ള വെടി പൊട്ടിയിട്ടും ഇത് തന്നെയായിരുന്നു സ്ഥിതി.ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിക്ക് കൂട്ടിനുണ്ടായിരുന്നു.മുഖ്യമന്ത്രിയുടെ നടപടികള്‍ പലതും സ്വന്തം പാര്‍ട്ടിക്കെതിരെ എന്നുതോന്നിക്കുന്ന രീതിയില്‍ ആയിരുന്നല്ലോ. ഇതിനു മുന്‍പ് കേരളം ഭരിച്ച ഒരു മുഖ്യമന്തിക്കും ഇത്രയും പ്രതിപക്ഷ  പിന്തുണ കിട്ടിക്കാണില്ല.മുഖ്യമന്ത്രിയും ,എതിരാളികല്ലാത്ത  രണഭൂമിയില്‍, രണ്ടു കക്ഷത്തിലും മസ്സില്‍ തിരുകി ആരുണ്ടെടാ  എന്നോട് പോരിനു വരാന്‍ എന്ന മട്ടില്‍ എക്സ്ട്രാ ടൈമില്‍ തുരു തുരാ  എതിര്‍ പോസ്റ്റില്‍ ഗോള്‍ കയറ്റി കൊണ്ടിരുന്നു.
 പക്ഷെ പാവം പിള്ളസാര്‍ അഴിക്കുള്ളിലായതോടെ ഞെട്ടിയത് പിള്ള സാര്‍ നേക്കാള്‍ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായിരുന്നുകാരണം ,തിരിഞ്ഞു  നോക്കിയപ്പോള്‍  ആണ് മനസ്സിലായത്‌ സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണാണ് ഇതുവരെയും ഒലിച്ചു പോയ്കൊണ്ടിരുന്നത് എന്ന്. പിന്നെ ഒറ്റ  തിരിച്ചിലായിരുന്നു നേരെ മുഖ്യമന്ത്രിയുടെ മകന്റെ നേരെ. മുഖ്യ മന്ത്രിയുടെ  നേരെ  എറിയാനുള്ള  വടി കണ്ടു പിടിക്കാന്‍  ,നേരത്തെ തന്നെ അതിനെപ്പറ്റി ഗവേഷണം നടത്തിയിട്ടുള്ള  ഹസ്സന്‍ സാറിനെ , ചുമതലപ്പെടുത്തി.പിന്നെ നോക്കാനുണ്ടോ , എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ പത്ത് എന്ന കണക്കിലല്ലേ  ആരോപണ ശരങ്ങള്‍ പ്രവഹിച്ചു തുടങ്ങിയത്.അതുവരെ ഗോള്‍ എന്ന് അലറി  വിളിച്ചിരുന്ന  സഖാവ്‌ കടുത്ത  പ്രതിരൊധതിലുമായി.അങ്ങനെ , കഴിഞ്ഞ ലോകസഭ , മുന്‍സിപ്പല്‍  തെരഞ്ഞെടുപ്പുകളില്‍  ജനം പറയാതെ പറഞ്ഞ , ഭരണ മാറ്റം  വേണം  എന്ന  കാര്യം  ഈ  വോട്ടെടുപ്പില്‍  എങ്ങെനെ  നടക്കും  എന്നാണു  ഇനി  നോക്കാനുള്ളത്. ഇനി  ഒരു  ആശയുള്ളത്  മുഖ്യ  മന്ത്രിക്കു  മത്സരിക്കാന്‍  സീറ്റ്  കിട്ടാത്ത  അവസ്ഥയാണ്. അതിനുവേണ്ടി  മുട്ടിപ്പായി  പ്രാര്‍തിക്കേണ്ടി വരും. മുഖ്യമന്ത്രി വിശ്വാസി  അല്ലാത്തത്  കൊണ്ട്  പ്രാത്ഥന ഫലിക്കുമോ എന്നും അറിയില്ല.ഗൌരി അമ്മയാണെങ്കില്‍  കരുനാനിധിയെപ്പോലെ  നില്‍ക്കുകയാണ്. മുരളി  ആണെങ്കില്‍  ഞാന്‍ ഈ നാട്ടു കാരനെയല്ല  എന്ന മട്ടിലും.എന്തായാലും യുഡിഎഫ്  എത്തിപ്പെട്ടിരിക്കുന്ന   അവസ്ഥ അത്ര നല്ലതല്ല.വരുത്തി  വെച്ച  ദുരന്തം എന്ന് വേണമെങ്കില്‍ പറയാം.ഈ ദുരവസ്ഥയില്‍ നിന്ന് കരകയറ്റാന്‍ പറ്റിയ ഒരു നേതാവും ഇല്ല  എന്നുള്ള സത്യവും നില നില്‍ക്കുന്നു. എന്തായാലും ഒരു രക്ഷകന്‍ അവതരിച്ചില്ലെങ്കില്‍  യുഡിഎഫ്  വിഷമിക്കും എന്നത് തീര്‍ച്ചയാണ്.