Wednesday 18 May 2011

"ഓട്ടോ" വരുന്നേ ഓടിക്കോ!

                                                              നമ്മൾ കേരളീയര്‍ക്ക് ഏറ്റവും ഇഷ്ടവിഷയം ആയി തീര്‍ന്നിരിക്കുന്നു സ്ത്രീ പീഡനം. ഇതിനു പുതിയ വഴികള്‍ കണ്ടു പിടിക്കുന്നതിലും നമുക്കുള്ള കഴിവ് സമ്മതിച്ചേ തീരൂ. വഴിവക്കിലും ബസ്സിലും തീവണ്ടിയിലും ഒക്കെ നിര്‍ബാധം  നടക്കുന്ന പ്രക്രിയ ആയതു കൊണ്ട് അതിനിപ്പോള്‍ വലിയ വാര്‍ത്താ പ്രാധാന്യം നഷ്ട്ടപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ പീഡന വാര്‍ത്ത കേട്ടാല്‍ "ഇതിലിത്ര പറയാനും കേള്‍ക്കാനും എന്തിരിക്കുന്നു" എന്ന മാനസികാവസ്ഥയിൽ എത്തിയിട്ടുണ്ട് മലയാളികള്‍. അപ്പോള്‍ പിന്നെ ഈ പോസ്റ്റിന്റെ പ്രസക്തി എന്ത് എന്ന ചോദ്യം ന്യായമായും പ്രതീക്ഷിക്കാം. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ  സര്‍ക്കാര്‍ ബസ്സില്‍ കയറിയ ഗവ.ഉദ്യോഗസ്ഥയെ കണ്ടക്ടര്‍ ആണ് കയറി പിടിച്ചത്.അവര്‍ കരണക്കുറ്റി നോക്കി ഒരെണ്ണം പൊട്ടിച്ചത് കൊണ്ട് ജീവനും മാനവും പോകാതെ രക്ഷപെട്ടു. അതിലും വലിയ അപകടം ആണ് ഇനി നമ്മെ കാത്തിരിക്കുന്നത്.
                                                                  "ഓട്ടോറിക്ഷ " യില്‍ കയറാതെ ഇന്ന് ജീവിക്കാന്‍ പ്രയാസം ആണ്. മുന്തിയ  കാര്‍ ഉള്ളവര്‍ക്കും ചിലപ്പോള്‍ ഓട്ടോയെ ശരണം പ്രാപിക്കേണ്ടി വരാം. ഏറ്റവും ജനകീയമായ ഈ വാഹനം ഇന്ന് ഒരു പീഡനോപാധി കൂടി ആയി മാറിയിരിക്കുന്നു. കേരളത്തില്‍  സ്ത്രീകള്‍ ഭയപ്പെടേണ്ട വസ്തുക്കളുടെ കൂട്ടത്തില്‍ "ഓട്ടോ"യും സ്ഥാനം പിടിച്ചു. എല്ലാ ഓട്ടോയും അല്ല എന്നു വ്യക്തമായിത്ത ന്നെ പറയട്ടെ. രണ്ടാഴ്ച മുന്‍പാണ് തിരുവല്ലയില്‍ ഒരു നേഴ്സിനെയും കൊണ്ട് ഒരു ഓട്ടോക്കാരന്‍ പാഞ്ഞത്. അവരുടെ വീടിനടുത്തെത്തിയിട്ടും നിര്‍ത്താതെ പാഞ്ഞ ഓട്ടോയില്‍ നിന്നും സ്വന്തം മാനം രക്ഷിക്കാന്‍ വേണ്ടി എടുത്തു ചാടിയ അവർ വളരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.ഓട്ടോക്കാരനെ പതിവ് പോലെ പോലീസ് പിടിച്ചു.അതിനി നീണ്ട കഥയായി തുടരും.അയാള്‍ വീണ്ടും വഴിയില്‍ ഇറങ്ങും അടുത്ത ഇരയെ തേടി.
                                                           അടുത്തത് കട്ടപ്പനയില്‍ ആണ്.ഈ ഓട്ടോക്കാരന്‍ കുറച്ചു കൂടി കടത്തി വെട്ടി.തിരുവല്ലാക്കാരന്‍ നേഴ്സിനെയും കൊണ്ടാണ് പാഞ്ഞതെങ്കില്‍ ഇയാള്‍ പാഞ്ഞത് ഒരു ഡോക്ടറേയും കൊണ്ടാണ്.പക്ഷെ വനത്തിലേക്ക് കടക്കുന്നതിനു മുന്‍പ് അവര്‍ വണ്ടിയില്‍ നിന്നും ചാടിയത് കൊണ്ട് സാരമായ പരിക്കുകള്‍ മാത്രമേ പറ്റിയുള്ളൂ. ജീവനും മാനവും തിരികെകിട്ടി. അവരും ചികിത്സയില്‍ ആണ്. ഇത്രയും ഗുരുതരമായ രോഗം പിടിച്ച ഒരു സമൂഹം ആയി നാം അധ:പതിച്ചതില്‍ സങ്കടപ്പെടാനേ നിവര്‍ത്തിയുള്ളൂ.vസാംസ്കാരികമായി നാം എവിടെ എത്തി നില്‍ക്കുന്നു എന്ന കാര്യം ഉറക്കെ ചിന്തിക്കേണ്ട കാലം  അതിക്രമിച്ചിരിക്കുന്നു. നമുക്ക് മദ്യപാനവും രാഷ്ട്രീയവും വളരെ പഥ്യമാണല്ലോ. അതിനു എന്തെങ്കിലും കുറവ് വന്നാല്‍ നമ്മള്‍ പ്രതികരിക്കും. നമ്മുടെ മക്കളും സഹോദരിമാരും അമ്മമാരും തെരുവില്‍ ഇറങ്ങാന്‍ ഭയപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുമ്പോൾ നാം ഇങ്ങനെ നിഷ്ക്രിയരായിരുന്നാല്‍ മതിയോ. സന്ധ്യ  കഴിഞ്ഞു സ്ത്രീകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്ന നാട്ടില്‍ ,സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ട് അസമയത്തു വെളിയില്‍ ഇറങ്ങേണ്ടി വരുന്ന  സഹോദരികളേ , ഞാനുള്‍പ്പെടുന്ന ഈ സമൂഹത്തിനോട് പൊറുക്കുക. നിങ്ങള്‍ക്കു വേണ്ടി ഒരു വെള്ളി വെളിച്ചം കാട്ടി തരാന്‍ ഇന്നത്തെ കേരളീയ സമൂഹം അശക്തമാണ്. തന്നെയല്ല, ഇവിടുത്തെ സ്വയം പ്രഖ്യാപിത സാംസ്കാരിക നായകരും ചിലപ്പോൾ ഒക്കെയേ ചെവിയും കണ്ണും തുറക്കുകയുള്ളൂ..